എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. എണ്ണ വീണ്ടും വീണ്ടും ചൂടക്കുബോൾ ട്രൈഗ്ലിസറൈഡുകൾ ഫാറ്റി ആസിഡുകളായി വിഘടിക്കുന്നു. ഇത് എണ്ണയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും പോഷകമൂല്യവും കുറയാൻ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. വീണ്ടും ചൂടാക്കുന്നതോടെ ആന്റിഓക്സിഡന്റുകൾ നശിക്കുന്നു. കൂടാതെ, ഇത് ഓക്സിഡേഷൻ സാധ്യതയും ഹാനികരമായ ഉപോത്പ്പന്നങ്ങളുടെ രൂപീകരണത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. മാത്രമല്ല ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഉണ്ടായേക്കാവുന്ന കാൻസർ സാധ്യതയെക്കുറിച്ച് Critical Reviews in Food Science and Nutrition-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. എണ്ണ വീണ്ടും ചൂടാക്കുമ്പോൾ റിയാക്ടീവ് ആൽഡിഹൈഡുകൾ, പോളിമെറിക് സംയുക്തങ്ങൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിവ രൂപം കൊള്ളുന്നു. ഇവയെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാലക്രമേണ, ഇവ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വർധിപ്പിക്കാനും കാരണമാകും. ദീർഘനാൾ ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വൻകുടൽ, സ്തനം, ശ്വാസകോശം, പ്രോസ്റ്റേറ്റ് കാൻസറുകൾക്ക് കാരണമായേക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.


















