അത്താഴത്തിന് ശേഷമുളള സമയം ലൈംഗിക ബന്ധത്തിന് പറ്റിയതല്ലെന്ന് പഠന റിപ്പോർട്ട്. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പല ദമ്പതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് ശേഷം ഇത് ദഹിപ്പിക്കാനായി രക്തം പ്രധാനമായും നിങ്ങളുടെ ദഹന സംവിധാനത്തിലേക്കാണ് ഒഴുകുക. ഈ സമയത്ത് ലൈംഗികാവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്തില്ല എന്നതിനാല്‍ ശരിയായ ഉത്തേജനവും രതിമൂര്‍ച്ഛയും സംഭവിക്കില്ലെന്ന് ലൈംഗികാരോഗ്യ വിദഗ്‌ധനായ ഴോണ്‍ പ്രൈസ് എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് ശേഷം ഇന്‍സുലിന്‍, സെറോടോണിന്‍ ഹോര്‍മോണ്‍ തോത് വര്‍ധിക്കുന്നത് ക്ഷീണമുണ്ടാക്കുകയും ഊര്‍ജ്ജത്തിന്റെ തോത് കുറയ്‌ക്കുകയും ചെയ്യും. ഇത് ലൈംഗിക ബന്ധത്തിലെ അടുപ്പത്തെ ബാധിക്കും. കൂടുതല്‍ കട്ടിയായ ആഹാരം കഴിക്കുന്നവര്‍ക്ക് ദഹനം പതിയെ നടക്കുമെന്നതിനാല്‍ ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാകും. ഭക്ഷണശേഷമുള്ള വയര്‍ കമ്പനവും ഗ്യാസും കൂടിയാകുമ്പോള്‍ ലൈംഗിക ബന്ധം തീര്‍ത്തും അനാകര്‍ഷകമായി മാറാമെന്ന് ലേഖനത്തിൽ കൂട്ടിച്ചേര്‍ക്കുന്നു.



















