പ്രമേഹരോഗികളിൽ ഹൃദയസ്തംഭന മരണ സാധ്യത കൂടുതലോ?

ടൈപ് 1 ടൈപ് 2 ഡയബറ്റിസ് രോഗികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത കൂടുതലെന്ന് പഠനം. അമ്പതുവയസ്സിൽ താഴെ പ്രായമുള്ള പ്രമേഹരോഗികളിൽ അപകടസാധ്യത കൂടുതലാണെന്നും കരുതൽ വേണമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 2010-ൽ ഡെന്മാർക്കിൽ നിന്നുള്ള 54,028 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരിൽ 6862 പേരുടേത് പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങളായിരുന്നു. ടൈപ് 1 ഡയബറ്റിസ് ഉള്ളവരിൽ പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത 3.7 മടങ്ങും ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 6.5 മടങ്ങും കൂടുതലാണെന്ന് ഗവേഷകർ പഠനത്തിൽ കണ്ടെത്തി. അമ്പതുവയസ്സിന് താഴെ പ്രായമുള്ള പ്രമേഹരോഗികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത ഏഴുമടങ്ങ് കൂടുതലാണെന്നും ഇക്കൂട്ടരിൽ ടൈപ് 1 ഡയബറ്റിസ് ഉള്ളവരുടെ ആയുർദൈർഘ്യം 14.2 വർഷമായും ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 7.9 വർഷമായും കുറയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്കുള്ള സാധ്യത പ്രായംകൂടുന്നതിന് അനുസരിച്ച് കൂടുമെങ്കിലും ചെറുപ്പക്കാരിൽ ഇതിന് പ്രമേഹരോഗവുമായും ബന്ധമുണ്ടെന്നാണ് ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നത്. യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.