സ്ഥിരമായി പുകവലിക്കുന്നതു മാത്രമല്ല വല്ലപ്പോഴുമുള്ള പുകവലിപോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം. ദിവസവും രണ്ടു സിഗരറ്റ് വീതം വലിക്കുന്നതുപോലും ഹൃദ്രോഗസാധ്യത അമ്പത്തിയേഴ് ശതമാനം കൂട്ടുമെന്നും മരണസാധ്യത അറുപതു ശതമാനം കൂട്ടുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. മേരിലാന്റിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 300,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഏതാണ്ട് ഇരുപതു വർഷത്തോളം നീണ്ട കാലയളവിനൊടുവിലാണ് ഈ വിലയിരുത്തലിലെത്തിയത്. പഠനകാലയളവിൽ 125,000 മരണങ്ങളും 54,000 കാർഡിയോ വാസ്കുലാർ രോഗങ്ങൾ അഥവാ ഹൃദയത്തിൻറെയും രക്തക്കുഴലുകളിലെയും തകരാറുകളാൽ സംഭവിക്കുന്ന ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് മുതലായവയും കണ്ടെത്തി. പുകവലി നിർത്തിയതിനുശേഷമുള്ള ഒരു ദശകത്തിനുള്ളിൽത്തന്നെ അപകടസാധ്യതകൾ കുറയുമെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു. പുകവലിയിൽ സുരക്ഷിതമായ ഒരളവില്ലെന്നും പുകവലിയുടെ അളവ് കുറയ്ക്കുക എന്നത് ഈ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനു ഒരുതരത്തിലുമുള്ള പരിഹാരമല്ലെന്നും ഗവേഷകർ പഠനത്തിൽ കൂട്ടിച്ചേർത്തു. PLOS മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.






















