ബിഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. പട്നയിലെ മഹാവീർ കാൻസർ സൻസ്താൻ ആൻഡ് റിസർച്ച് സെന്റർ, പഞ്ചാബിലെ ജലന്ധറിലുള്ള ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ഡൽഹി എയിംസ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബിഹാറിൽ നിന്ന് ശേഖരിച്ച മുലപ്പാലിന്റെ സാമ്പിളുകളിൽ അഞ്ച് പിപിബി വരെ യുറേനിയമാണ് ഗവേഷകർ കണ്ടെത്തിയത്. ബിഹാറിലെ വിവിധ ജില്ലകളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത മുലയൂട്ടുന്ന നാൽപത് സ്ത്രീകളെയാണ് പഠനവിധേയരാക്കിയത്. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കാൻസർ വരാനുള്ള സാധ്യത ഉൾപ്പെടെ പഠനവിധേയമാക്കിയിരുന്നു. അമ്മമാരിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്കെത്തുന്ന യുറേനിയത്തിന്റെ അളവ് അപകടകരമായ നിലയിലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഇതുകാരണം കുഞ്ഞുങ്ങൾക്ക് കാൻസർ ഇതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. പഠനം നടത്തിയ പ്രദേശങ്ങളിൽ മനുഷ്യരിലേക്ക് യുറേനിയം എത്തുന്നത് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം വേണമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു. ബ്രിട്ടീഷ് പിയർ-റിവ്യൂഡ് ജേണലായ സയന്റിഫിക് റിപ്പോർട്ട്സിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.



















