കാറില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം അത്ര നല്ലതല്ല

ദിവസങ്ങളോളം കാറില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്തര്‍. കാറിനുള്ളിലെ ചൂടു കാരണം പ്ലാസ്റ്റിക്കില്‍ നിന്ന് ദോഷകരമായ രാസവസ്തുക്കള്‍ പുറപ്പെടാനും അത് വെള്ളത്തിലേക്ക് കലരാനും കാരണമാകും. ഇത് വെള്ളത്തെ വിഷമയമുള്ളതാക്കുമെന്ന് സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ഇത്തരത്തില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളത്തില്‍ ബാക്ടീരിയ വളര്‍ച്ച മറ്റൊരു പ്രശ്നമാണ്. വേണ്ട വിധം വൃത്തിയാക്കാതിരിക്കുകയോ ഉപയോഗിച്ച വെള്ളം ദീര്‍ഘനേരം അതില്‍ തന്നെ സൂക്ഷിക്കുകയോ ചെയ്യുന്നത് ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ ബാക്ടീരിയകള്‍ അടങ്ങിയ വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും വയറുസംബന്ധമായ അസ്വസ്ഥതകള്‍ക്കും ഇടയാക്കും. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കുപ്പികളോ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടിലുകളോ ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.