പത്തനംതിട്ടയില്‍ മത്സരിച്ചത് വീണാജോര്‍ജ്ജിനോടല്ല, പിണറായിയോട് ; യുഡിഎഫിനെയും എല്‍ഡിഎഫിനെയും നോക്കുകുത്തിയാക്കി 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സുരേന്ദ്രന്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫിനായി മത്സരിച്ചത് വീണാ ജോര്‍ജ്ജല്ലെന്നും സാക്ഷല്‍ പിണറായി വിജയനാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. യുഡിഎഫിനെയും എല്‍ഡിഎഫിനെയും നോക്കു കുത്തിയാക്കി താന്‍ മുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് ജയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ ജയിക്കുന്നതോടെ സിപിഎം, കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റികള്‍ പിരിച്ചുവിടേണ്ടി വരുമെന്നും പറഞ്ഞു. പത്തനംതിട്ടയില്‍ സിപിഎം ദയനീയ സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇവിടെ വീണാജോര്‍ജ്ജ് വെറും ഉപകരണം മാത്രമായിരുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രചരണത്തിന് എത്തിയ പിണറായിയുമായിട്ടാണ് പത്തനംതിട്ടയില്‍ മത്സരം. 140 മണ്ഡലങ്ങളിലും പ്രചരണത്തിന് ഇറങ്ങാതിരുന്ന പിണറായി ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന്റെ തലേന്ന് സാമുദായിക സംഘടനകളുടെ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിന്റെ ശബ്ദരേഖ അടക്കമുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പിണറായി ഭരണസംവിധാനം പോലും ദുരുപയോഗം ചെയ്തു. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും സിപിഎം നേതൃത്വം കൈപ്പറ്റി. പത്തനംതിട്ടയിലെ 450 ജീവനക്കാരുടെ വോട്ടുകളാണ് സിപിഎം തട്ടിയെടുത്തത്. മണ്ഡലത്തിലെ ഉദ്യോഗസ്ഥരായ വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിക്കാന്‍ എത്തിയപ്പോഴാണ് പോസ്റ്റല്‍ വോട്ടാക്കിയ വിവരം അറിയുന്നത്. എല്ലാ വകുപ്പുകളിലും പോസ്റ്റല്‍ വോട്ടുകള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും അതുകൊണ്ടു തന്നെ കമ്മീഷന്‍ ഇടപെടണമെന്നും പറഞ്ഞു.

LEAVE A REPLY