അണുബാധകളേക്കാള്‍ സാംക്രമികേതര രോഗങ്ങള്‍ മൂലമാണ് കൂടുതല്‍ ഇന്ത്യക്കാര്‍ മരണപ്പെടുന്നതെന്ന് പഠനം. ബെര്‍ലിനില്‍ വേള്‍ഡ് ഹെല്‍ത്ത് സമ്മിറ്റിന്റെ ഭാഗമായി നടന്ന ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് എന്ന റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പറയുന്നതുപ്രകാരം 1990-കളില്‍ ഏറ്റവുമധികം മരണകാരിയായിരുന്നത് വയറിളക്ക രോഗങ്ങളാണ്. 2023 ആയപ്പോള്‍ ഇഷെമിക് ഹാര്‍ട്ടി ഡിസീസ് മൂലമുള്ള മരണങ്ങളാണ് കൂടിയത്. സിഒപിഡി രണ്ടാംസ്ഥാനത്തും പക്ഷാഘാതം മൂന്നാംസ്ഥാനത്തും കൂടുതല്‍ മരണങ്ങളിലേക്ക് നയിക്കുന്ന രോഗങ്ങളായി മാറി. അതേസമയം 2021-ല്‍ ആഗോളതലത്തില്‍ തന്നെ മരണനിരക്ക് വര്‍ധിപ്പിച്ച കോവിഡ് മരണകാരണമാകുന്ന രോഗങ്ങളുടെ പട്ടികയില്‍ ഇരുപതാം സ്ഥാനത്തേക്ക് താഴ്ന്നു. അണുബാധകള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണത്തില്‍ നിന്ന് പ്രതിരോധിക്കാവുന്ന ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കുതിച്ചുയരുന്നതില്‍ ആരോഗ്യസംവിധാനങ്ങള്‍ കരുതലോടെ മുന്നൊരുക്കങ്ങള്‍ നടത്തി പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടതെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ്, അര്‍ബുദങ്ങള്‍, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനാവും വിധം ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്തര്‍ നിര്‍ദ്ദേശിക്കുന്നു.




















