
മനുഷ്യര്‍ സമ്മര്‍ദത്തിലായാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. സസെക്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തെര്‍മല്‍ ഇമേജ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സമ്മര്‍ദം കൂടുമ്പോള്‍ മുഖത്തേക്കുള്ള രക്തയോട്ടത്തില്‍ വ്യത്യാസം വരുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബാഹ്യ സമ്മര്‍ദങ്ങളോട് പ്രതികരിക്കാന്‍ മനുഷ്യരുടെ തലച്ചോറും ശരീരവും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദത്തിലായിരുന്ന ആളുകളില്‍ മൂക്കിന്റെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ താഴ്ന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. 29 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഈ കണ്ടെത്തല്‍ മനുഷ്യരുടെ സ്‌ട്രെസ് ലെവല്‍ കണ്ടെത്താനും അവ വിലയിരുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സമ്മര്‍ദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ കണ്ടെത്തല്‍, ദോഷകരമായ സമ്മര്‍ദ നിലകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എടുക്കുന്ന സമയം ഒരാള്‍ തന്റെ സമ്മര്‍ദം എത്രത്തോളം നന്നായി നിയന്ത്രിക്കുന്നു എന്നതിന്റെ വസ്തുനിഷ്ഠമായ അളവുകോലായിരിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഫോറസ്റ്റര്‍ വ്യക്തമാക്കുന്നു.


















