ഏത് കാര്യത്തിലും ഒരു ഉറപ്പില്ലായ്മ നിങ്ങൾക്ക് തോന്നാറുണ്ടോ? ചിലർ വാതിൽ അടച്ചോ ഗ്യാസ് ഓഫ് ചെയ്തോ എന്നൊക്കെ സംശയം പ്രകടിപ്പിക്കാറുണ്ട്, അതൊന്നുകൂടി പരിശോധിക്കുന്നത് സാധാരണമാണ്. കൂടാതെ അഴുക്ക് വന്ന കൈ കഴുകി തിരിച്ചെത്തിയാലും വൃത്തിയായില്ലെന്ന തോന്നലുണ്ടായി വീണ്ടും പോയി കഴുകും. ക്ലീനിങ് ഒബ്സഷൻ വന്ന് അത് വീണ്ടും വീണ്ടും ചെയ്യുകയാണിവിടെ സംഭവിക്കുന്നത്. ഏതുകാര്യത്തിലും ഇതുപോലെ ഉറപ്പില്ലാതെ പരിശോധിക്കുന്ന അവസ്ഥ ഒ.സി.ഡി. ഉള്ളവരിൽക്കാണാം. കുട്ടികളിലും ഒ.സി.ഡി. കണ്ടുവരാറുണ്ട്. അച്ഛനും അമ്മയും പുറത്തുപോയാൽ എന്തെങ്കിലും സംഭവിക്കുമോയെന്ന തോന്നൽ ആവർത്തിച്ചുണ്ടാകുക ഇവയെല്ലാം ലക്ഷണങ്ങൾ ആണ്. നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിൽ ആവർത്തിച്ചുള്ള പ്രവർത്തികൾ വരുമ്പോൾ ഒ.സി.ഡി. ആയി കണക്കാക്കാമെന്നും അത് വൃത്തിയുടെ രൂപത്തിലോ, ഇടയ്ക്കിടെ പരിശോധിക്കുന്ന രൂപത്തിലോ പ്രകടമാവാമെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.വർഷ സൂചിപ്പിക്കുന്നു.




















