ബ്രഹ്മപുരത്തെ തീയും പുകയും നിയന്ത്രണവിധേയമായതായി ജില്ലാ കളക്ടർ

കൊച്ചി: ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിലെ തീ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമാക്കിയിരുന്നുവെന്ന് കളക്ടർ അറിയിച്ചു. ഇന്നുതന്നെ പൂർണമായും പുക നിയന്ത്രണവിധേയമാക്കി ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നിരീക്ഷണം നടത്തുമെന്നും ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.