വെറ്റില ആരോഗ്യത്തിന് നല്ലതാണോ, നിങ്ങൾ മുറുക്കുന്ന പതിവുണ്ടോ ? ഇത് അത്ര നല്ല ശീലം ഒന്നുമല്ല, എങ്കിലും മുറുക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. വെറ്റില ചവച്ചാൽ ഗുണങ്ങൾ പലതെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്ധർ!
ഊണ് കഴിഞ്ഞ് വെറ്റിലയും അടയ്‌ക്കയും പുകയിലയും എല്ലാം കൂട്ടി മുറുക്കണ ശീലം നമ്മുടെ പഴമക്കാർക്ക് പലർക്കും ഉണ്ടായിരുന്നു. വെറ്റിലയിൽ മധുരമുള്ള കൽക്കണ്ടവും ജീരകവും ഏലയ്‌ക്കവും നുറുക്കിയ ഈന്തപ്പഴവുമൊക്കെ ചേർത്ത് മീഠാ പാൻ ഇന്ന് ലഭ്യമാണ്. ഇതിലെ അമിതമായ മധുരം അത്ര നല്ലതല്ലെങ്കിലും ഊണ് കഴിഞ്ഞ് വെറ്റില ചവയ്‌ക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ടെന്ന്, എൻഡിടിവിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്ന വെറ്റില വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങൾ നിയന്ത്രിക്കുകയും ചെയ്യും എന്നും പഠനം പറയുന്നു. വെറ്റിലയുടെ ആൽക്കലൈൻ സ്വഭാവം വയറിലെ ആസിഡിനെ നിർവീര്യമാക്കും. ഇത് മൂലം ആസിഡ് റീഫ്‌ളക്‌സ്, നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാകും, ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ വെറ്റില ശരീരത്തിലെ വിഷവസ്‌തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും കൂടാതെ വെറ്റിലയുടെ നിരന്തമായ ഉപയോഗം കരളിന്റെ പ്രവർത്തനത്തെയും സഹായിക്കും എന്നും പറയുന്നു.






















