ഇടക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവിദഗ്തര്‍. ചില ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചതിനുശേഷം ഇടക്കിടെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത് അസാധാരണമല്ല. നിരന്തരമായ അസ്വസ്ഥതയും എരിച്ചിലും അന്നനാളം ആവര്‍ത്തിച്ച് ആസിഡുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ സൂചനകളായിരിക്കാമെന്നാണ് വിദഗ്തര്‍ പറയുന്നത്. ഇത് ഗുരുതരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് ഇടക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുക, കിടക്കുന്നതിന് മുമ്പ് മൂന്നോ നാലോ മണിക്കൂര്‍ മുന്നേ അത്താഴം കഴിക്കുക, ഭക്ഷണത്തിന് ശേഷം മധുരമില്ലാത്ത പെരുംജീരകം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുകയോ, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടും തുടരുകയോ, നെഞ്ചില്‍ വേദന, തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, ഭക്ഷണം നെഞ്ചില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.





















