ശിശു സൗഹൃദപരമായ വിചാരണ; കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണം

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിയുടെ സഹായത്തോടെ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ നടത്തുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ കീഴില്‍ ഏകോപനത്തോടെ പരിപാടികള്‍ നടപ്പാക്കും. ഈ വകുപ്പുകള്‍ ചേര്‍ന്ന് സമഗ്രമായ ജൻഡര്‍ സെന്‍സിറ്റൈസേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണമെന്നും മാധ്യമ വാര്‍ത്തകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായകരമായ സൂചനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തും. പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തും. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തില്‍ ക്രോഡീകരിച്ച് പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

LEAVE A REPLY