ഈ ലക്ഷണങ്ങള്‍ വയറിലെ ക്യാന്‍സറിന്റേതാകാം

ക്യാന്‍സര്‍ രോഗങ്ങളില്‍ വയറിലെ ക്യാന്‍സര്‍ ബാധിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണ് കണക്ക്. ശരീരം രോഗലക്ഷണങ്ങള്‍ കാണിക്കുമ്പോഴും ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാതെപോകുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുന്നതാണ് വയറിലെ ക്യാന്‍സറിന്റെ ആദ്യ ലക്ഷണം. കാലക്രമേണ ശരീരഭാരം കുറഞ്ഞുവരും. മാത്രമല്ല, ഇത്തരക്കാര്‍ക്ക് വിശപ്പ് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. സ്ഥിരമായി നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതും നിരന്തരം ദഹനക്കേട് അനുഭവപ്പെടുന്നതും അത്ര നല്ല ലക്ഷണങ്ങളല്ല. പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ഓക്കാനം, നേരിയ വയറുവേദന എന്നിവയും വയറിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. അമിതമായി ക്ഷീണം തോന്നുന്നതും ബലഹീനതയും വയറിലെ ക്യാന്‍സറിന്റെ മറ്റ് ലക്ഷണങ്ങളാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടുമാത്രം രോഗബാധിതനാണെന്ന് വിലയിരുത്താന്‍ സാധിക്കില്ല. ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഒരു വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ പരിശോധനകള്‍ നടത്താന്‍ ശ്രദ്ധിക്കുക.