നാഡീവ്യൂഹ പ്രശ്‌നമുള്ളവർക്ക് ലൈംഗിക ജീവിതത്തിൽ പ്രശ്‌നങ്ങൾ വരാം എന്ന് പുതിയ പഠന റിപ്പോർട്ട് .
ഒരാളുടെ ശ്രദ്ധ, പെരുമാറ്റം, ആത്മനിയന്ത്രണം, വൈകാരിക പ്രതികരണങ്ങൾ എന്നിവയെ എല്ലാം ബാധിക്കുന്ന നാഡീവ്യൂഹപരമായ തകരാറാണ് എഡിഎച്ച്‌ഡി. എന്നാൽ എഡിഎച്ച്‌ഡി വ്യക്തികളുടെ ലൈംഗിക ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാല, ടോറന്റോ മെട്രോപൊളിറ്റൻ സർവകലാശാല, കാൽഗറി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. 943 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 106 പേർക്ക് എഡിഎച്ച്‌ഡി ലക്ഷണങ്ങൾ കണ്ടെത്തി. ഇവരുടെ പ്രതികരണങ്ങളിൽ നിന്ന് എഡിഎച്ച്‌ഡി ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗിക ബന്ധത്തിൽ താത്‌പര്യം, ലൈംഗിക ഉണർവ്, ലൈംഗിക ബന്ധത്തിനായി ശരീരം തയ്യാറെടുക്കൽ പോലുള്ള തുടക്ക ഘട്ടങ്ങളിൽ വലിയ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ല. എന്നാൽ രതിമൂർച്ഛയുടെ ഘട്ടത്തിലാണ് എഡിഎച്ച്‌ഡി കുഴപ്പമുണ്ടാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുതിർന്നവരെ അപേക്ഷിച്ച് ചെറുപ്പക്കാരായ എഡിഎച്ച്‌ഡിക്കാരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെട്ടത്. പ്രായം കൂടും തോറും ഇതിന്റെ തീവ്രത കുറയുന്നതായി സ്‌പ്രിംഗർ നേച്ചറിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.






















