പാലക്കാട്, മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലനല്ലൂരിലെ കടയിൽ നിന്ന് ഇവർ വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ചു. ഇതിനു പിന്നാലെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ഛർദിച്ചു അവശരായി കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയിലെ മുന്തിരിയുടെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.