പെൺകുട്ടികളിൽ താടിയും മീശയും വളരുന്നതിന്റെ കാരണം

ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഇക്കാലത്ത് വളരെ സാധാരണമാണ്, എന്നാൽ പെൺകുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് നേരിയ താടിയും മീശയും വളരുന്നത്. ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യവിദഗ്തർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മാറുന്ന ജീവിതശൈലിയും അമിതമായ ഫാസ്റ്റ് ഫുഡ് ഉപഭോഗവും ഇതിന് കാരണമാണ്. ബർഗറുകൾ, ഫ്രഞ്ച് ഫ്രൈകൾ, മധുരപലഹാരങ്ങൾ തുടങ്ങിയ ഫാസ്റ്റ് ഫുഡുകളിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നു. ഈ ഇൻസുലിൻ ശരീരത്തിന്റെ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും സ്ത്രീകളിൽ പുരുഷ ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പെൺകുട്ടികളിൽ മുഖത്തെ രോമ വളർച്ചയ്ക്ക് കാരണമാകുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. എന്നിരുന്നാലും, ഈ ഫാസ്റ്റ് ഫുഡുകൾ നേരിട്ട് രോമ വളർച്ചയ്ക്ക് കാരണം ആകില്ലെന്നും, മറിച്ച് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇത് കാരണമാക്കുന്നു, ഇത് രോമ വളർച്ചയിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ആർത്തവം ആരംഭിക്കുമ്പോൾ പെൺകുട്ടികളുടെ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. ഈ സമയത്ത് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് രോമ വളർച്ചയ്ക്ക് കാരണമാകും. കൂടാതെ, പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ എന്നിവയും പെൺകുട്ടികളിൽ താടിയും മീശയും വളരുന്നതിന് കാരണമായി ആരോഗ്യവിദഗ്തർ ചൂണ്ടികാണിക്കുന്നു.