സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് ആരോഗ്യവകുപ്പ്. ഓപ്പറേഷന് സൗന്ദര്യ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് മന്ത്രി കെ. മുരളീധരന് പറഞ്ഞു.
ഓപ്പറേഷന് സൗന്ദര്യയുടെ ഒന്നാം ഘട്ടത്തില്‍ 5,09,303 രൂപയുടെയും, രണ്ടാം ഘട്ടത്തില്‍ 2.50 ലക്ഷം രൂപയുടെയും, മൂന്നാം ഘട്ടത്തില്‍ 1.50 ലക്ഷം രൂപയുടെയും, നാലാം ഘട്ടം 55,000 രൂപയുടെയും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതും, മതിയായ നിര്‍മ്മാണ ലൈസന്‍സുകളില്ലാതെ വിതരണം ചെയ്തതുമായ ഉല്‍പ്പന്നങ്ങളാണ് പിടികൂടിയവയില്‍ ഉള്‍പ്പെടുന്നത്. കൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.



















