പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ആഗോളതലത്തിലും അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരവും ആമാശയ കാൻസർ സ്ത്രീകൾക്ക് ഉള്ളതിനേക്കാൾ ഏകദേശം രണ്ട് ഇരട്ടിയോളം സാധ്യത പുരുഷന്മാർക്കുണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ആമാശയത്തിലെ ഉൾപ്പാളിയിൽ കാൻസർ കോശങ്ങൾ രൂപപ്പെടുന്ന രോഗമാണിത്. ഇതിനെ ഗാസ്ട്രിക് കാൻസർ എന്നും വിളിക്കാറുണ്ട്. ഇത് സാധാരണയായി വളരെ പതുക്കെയാണ് വളരുന്നത്. തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. വയറുവേദന, വിശപ്പില്ലായ്മ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കുറയൽ, ഛർദ്ദി, ഓക്കാനം, മലത്തിൽ രക്തം, ക്ഷീണം, വിളർച്ച, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയൊക്കെ ആമാശയ കാൻസറിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്.
ആമാശയ കാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളാണ് പുകവലിയും അമിതമായ മദ്യപാനവും. കൂടാതെ ഉപ്പുള്ളതും പുകയിൽ വേവിച്ച അച്ചാറിട്ട നൈട്രേറ്റ് അടങ്ങിയതുമായ സംസ്‌കരിച്ച മാംസങ്ങൾ കഴിക്കുന്നതും ഇതിന് കാരണമാകാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഏത് പ്രായത്തിലുള്ളവർക്കും ആമാശയ കാൻസർ വരാൻ സാധ്യതയുണ്ടെങ്കിലും ഏറ്റവും കൂടുതൽ സാധ്യത പുരുഷന്മാർക്കാണ്. അതിനാൽ ഇക്കാര്യത്തിൽ പുരുഷന്മാർ കൂടുതൽ ബോധവാന്മാരാകണം. ജീവിതശൈലിയിലെ തെരഞ്ഞെടുപ്പുകളെ കുറിച്ചും അറിഞ്ഞിരിക്കണം. മാത്രമല്ല നിരന്തരം സ്‌ക്രീനിങ് നടത്തേണ്ടതും ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.




















