വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം അടുക്കളയാണ്. ഭക്ഷണം പാകം ചെയ്യുന്നിടം ആരോഗ്യകരമല്ലെങ്കിൽ അവിടെ രോഗാണുക്കൾ പെരുക്കമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. അടുക്കളയിൽ നമ്മൾ എത്ര കഴുകി സൂക്ഷിച്ചാലും ഒരു നിശ്ചിത കാലയളവു കഴിഞ്ഞാൽ ചില വസ്തുക്കൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില സാധനങ്ങളെ പറ്റി വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. അതിൽ പ്രധാനിയാണ് പ്ലാസ്റ്റിക് വസ്തുക്കൾ, കടയിൽ നിന്ന് വാങ്ങുന്ന ബൂസ്റ്റിൻറെയും ബോൺവിറ്റയുടെയും കുപ്പികൾ എത്ര കാലം കഴിഞ്ഞാലും കളയാൻ ആളുകൾക്ക് മടിയാണ്. അതുപോലെ ഐസ്ക്രീം ബോക്സ്, ഭക്ഷണം പാഴ്സൽ കൊണ്ടു വരുന്ന പാത്രങ്ങൾ. ഇവ പുറമെ കാണാൻ കുഴപ്പമില്ലെങ്കിലും ഇതിൽ മിക്കതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. അസിഡിക് പ്രത്യേകതകൾ ഉള്ളതോ അധികമായി ഉപ്പു കലർന്നതോ എണ്ണ കലർന്നതോ ആയ ഭക്ഷണപദാർഥങ്ങൾ ഇവയിൽ സൂക്ഷിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബിപിഎ പോലെയുള്ള കെമിക്കലുകൾ ഭക്ഷണത്തിൽ കലരും. റൂം ടെംപറേച്ചറിലും ഫ്രിഡ്ജിലും സൂക്ഷിച്ചാൽ പോലും ഇത്തരം അപകട സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. കൂടാതെ അടുക്കളയിൽ പാത്രം കഴികാൻ എടുക്കുന്ന സ്പോഞ്ചുകൾ അല്ലെങ്കിൽ സ്ക്രബറുകൾ ദീർഘകാലം ഉപയോഗിക്കുന്നത് രോഗാണുക്കളെ വിളിച്ചു വരുത്തന്നതുപോലെയാണ്. കാലങ്ങളായി ഉപയോഗിക്കുന്ന സ്പോഞ്ചുകളിൽ ആയിരക്കണക്കിന് ബാക്ടീരിയകൾ വളരാനുള്ള സാധ്യതയുണ്ടെന്ന് പറയുകയാണ് ആരോഗ്യവിദഗ്തർ. കട്ടിങ് ബോർഡുകളിൽ വളരെ എളുപ്പത്തിൽ പച്ചക്കറികൾ അരിഞ്ഞെടുക്കാൻ സാധിക്കും, എന്നാൽ അധികസമയം ഈർപ്പവും ഭക്ഷണപദാർത്ഥങ്ങളും അവശേഷിക്കുന്നതിലൂടെ ബാക്ടീരിയയുടെ വാസസ്ഥലമായി കട്ടിങ് ബോർഡുകൾ മാറാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.



















