യുവ തലമുറ മദ്യത്തിനെക്കാൾ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നു

യുവ തലമുറ പ്രത്യേകിച്ച് ജെൻ സി മദ്യത്തിനെക്കാൾ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവരെന്ന് ആഗോള റിപ്പോർട്ട്. 1997നും 2012നും ഇടയിൽ ജനിച്ചവർ മദ്യപാന ശീലം ഒഴിക്കുകയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മദ്യം ഉപയോഗിക്കുന്നതിന് നിയമം നിഷ്കർഷിച്ച പ്രായത്തിലെത്തിയിട്ടുള്ള 36 ശതമാനം പേരും മദ്യം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന റിപ്പോർട്ട് ദീർഘ കാല ആരോഗ്യ സംരക്ഷണത്തിന് യുവാക്കൾ നൽകുന്ന പ്രാധാന്യമാണ് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത്. ആരോഗ്യം തന്നെയാണ് ഈ ബോധപൂർവമായ തിരഞ്ഞെടുപ്പിന് പിന്നിലുള്ള കാരണം. പഠനത്തിൻറെ ഭാഗമായ 97 ശതമാനം പേരും ഫറ്റ്നസ് നിലനിർത്തുന്നതിനും അടിക്കടി ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കുന്നതിനുമാണ് തങ്ങൾ മദ്യം ഒഴിവാക്കിയതെന്നാണ് പ്രതികരിച്ചത്. യുവാക്കൾക്കിടയിൽ സീബ്ര സ്പിറ്റിങ് എന്ന പുതിയൊരു മദ്യപാന ശീലവും കൂടി ഉയർന്നു വരുന്നതായി റിപ്പോർട്ട് വ്യക്തമാക്കി. ആൾക്കഹോളിക് നോൺ ആൽക്കഹോളിക് പാനീയങ്ങൾ മാറി മാറി ഉപയോഗിക്കുന്ന രീതിയാണിത്. മദ്യത്തിൻറെ അമിത ഉപയോഗം നിയന്ത്രിക്കാൻ യുവാക്കൾ പ്രാധാന്യം നൽകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പതിവായി മദ്യപിക്കുന്നവരുടെ നിരക്കിലും റിപ്പോർട്ട് കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2025ൽ എല്ലാ ആഴ്ചകളിലും മദ്യപിക്കുന്നവരുടെ എണ്ണം 17 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാകുന്നു. എന്നാൽ 2020ൽ ഇത് 23 ശതമാനമായിരുന്നു. പ്രത്യേക അവസരങ്ങളിൽ മാത്രം മദ്യപിക്കുന്നവരിൽ 53 ശതമാനം പേരും മദ്യപാനം മുഴുവനായും നിർത്താനാഗ്രഹിക്കുന്നവരാണെന്നാണ് റിപ്പോർട്ട് വ്യക്തമാകുന്നത്.