ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടപ്പനയിൽ നടന്ന പൊതു ചടങ്ങിൽ വെച്ച് ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ സഹകരണ രംഗത്തുള്ള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി അനുവദിച്ചു. വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാൻഡ് ചെയ്യും. ഇടുക്കിയിലെ സുഗന്ധ വ്യഞ്ജനങ്ങൾ ബ്രാന്റ് ചെയ്ത് വിദേശ മാർക്കറ്റുകളിൽ എത്തിക്കും. ട്രീ ബാങ്കിങ് സ്കീമിന് രൂപം നൽകുമെന്നും മരം വെച്ച് പിടിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ ലയങ്ങൾ നന്നാക്കി ലൈഫ് പദ്ധതി പ്രകാരം ഫ്ലാറ്റുകളും വീടുകളും നിർമിച്ചു നൽകും. ഹൈറേഞ്ചിൽ 250 ഏക്കറിൽ ഫുഡ് പാർക്ക് സ്ഥാപിക്കുന്നതിനായി 500 കോടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിലെ ശീതകാല പച്ചക്കറികൾ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണ്, ജല സംരക്ഷണ പദ്ധതികൾക്ക് നബാഡിൽ നിന്ന് 250 കോടി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY