പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു പയർവർഗമാണ് ഗ്രീൻ പീസ് അഥവാ പട്ടാണി കടല. നാരുകൾ, വിറ്റാമിൻ കെ,സി, ബി, തയാമിൻ, ഫോളേറ്റ്, മംഗനീസ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും പതിവായി ഉയർന്ന അളവിൽ ഗ്രീൻ പീസ് കഴിക്കുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ലെക്റ്റിനുകൾ, ഫൈറ്റിക് ആസിഡ് തുടങ്ങിയ ആന്റി ന്യൂട്രിയന്റുകൾ പോഷകങ്ങളുടെ ആഗിരണത്തെ തസപ്പെടുത്തുമെന്ന് ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പറയുന്നു. കൂടാതെ ഗ്രീൻ പീസിന്റെ അമിത ഉപഭോഗം ദഹന സംബന്ധമായ അസ്വസ്ത്ഥതകൾക്ക് കാരണമായേക്കാം. ദിവസം ഉയർന്ന അളവിൽ ഗ്രീൻ പീസ് കഴിക്കുന്നത് വയറ് വീർക്കാനും ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും കരണമായേക്കാമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. കൂടാതെ ഗ്രീൻ പീസിന്റെ അമിത ഉപയോഗം ധാതുക്കളുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഗ്രീൻ പീസിൽ മിതമായ അളവിൽ പ്യുരിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുമ്പോൾ യൂറിക് ആസിഡായി വിഘടിക്കുകയും ഇതിന്റെ അളവ് വർധിക്കാൻ കാരണമാകുകയും ചെയ്യും. ഇത് സന്ധി വേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയാക്കും. അതിനാൽ യൂറിക് ആസിഡ് അളവ് കൂടുതലുള്ളവരും സന്ധി വേദനയുള്ളവരും മിതമായ അളവിൽ മാത്രമേ ഗ്രീൻ പീസ് കഴിക്കാവൂ എന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.



















