തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ?

തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ദിവസങ്ങൾ ചെറുതാവുകയും രാത്രികൾക്ക് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ പലർക്കും മാനസികാവസ്ഥയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുമെന്നാണ് ആരോഗ്യവിദ​ഗ്ധർ പറയുന്നത്. ഈ മാറ്റങ്ങൾ ചിലപ്പോൾ ഹോർമോൺ വ്യതിയാനങ്ങളേക്കാൾ കൂടുതലായിരിക്കാം. വർഷത്തിലെ പ്രത്യേക സമയങ്ങളിൽ പ്രത്യേകിച്ച് തണുപ്പുകാലത്തും ശരത്കാലത്തും സൂര്യപ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ആളുകളിൽ ഉണ്ടാകുന്ന ഒരു തരം വിഷാദമാണിത്. സീസണൽ അഫക്റ്റീവ് ഡിസോർഡർ അഥവാ എസ്.എ.ഡി എന്ന അവസ്ഥയാണ് ഇതെന്നാണ് ആരോഗ്യവിദ​ഗ്ധർ പറയുന്നത്. എസ്.എ.ഡി സാധാരണയായി തണുപ്പുള്ളതും ഇരുണ്ടതുമായ മാസങ്ങളിൽ മാത്രമേ സംഭവിക്കാറുള്ളൂ. ഈ സമയങ്ങളിൽ മാനസികാരോഗ്യത്തിന് പ്രധാന്യം കൊടുക്കേണ്ടത് ആവശ്യമാണ്. ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയണം. തുടർച്ചയായ വിഷാദഭാവം അല്ലെങ്കിൽ ദുഃഖം, ഊർജ്ജക്കുറവ്, അമിതമായ ക്ഷീണം, ഉറങ്ങാനുള്ള അമിതമായ ആഗ്രഹം, സാധാരണയായി ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി ഇതൊക്കെയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തീവ്രമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുന്നതാണ് ഉചിതം