പ്രധാനമന്ത്രിയുടെ പാതയില്‍ സ്‌ഫോടകവസ്തുക്കള്‍: കൂടുതല്‍ വിവരങ്ങള്‍

ബംഗളൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുപോകേണ്ടിയിരുന്ന വഴിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌ഫോടക വസ്തുക്കള്‍ ഉടന്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ആയിരുന്നില്ല. കാര്‍ബോര്‍ഡ് പെട്ടിയില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകളും ബാറ്ററികളും വയറുകളും സര്‍ക്ക്യൂട്ടുകളും വ്യക്തമാക്കുന്നത് ബോംബ് നിര്‍മിക്കാന്‍ ശ്രമം നടന്നു എന്നതാണ്. എന്നാല്‍ സ്‌ഫോടന ശ്രമത്തിന് പകരം ആശങ്ക പരത്താനാണ് അക്രമികള്‍ ശ്രമിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കനകപുര റോഡിലെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ ആശ്രമത്തില്‍ നടന്ന 45-ാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്താനിരിക്കെയാണ് സമീപത്തുനിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പരിപാടി നടന്ന ദിവസം കൊരമംഗല പോലീസ് സ്‌റ്റേഷനിലേയ്ക്ക് എത്തിയ ഭീഷണി ഫോണ്‍കോളില്‍ എച്ച്.എ.എല്‍ വിമാനത്താവളത്തിലും ആര്‍ട് ഓഫ് ലിവിങ് വേദിയിലും സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. കര്‍ണാടക പോലീസിന് പുറമെ എന്‍.ഐ.എയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.