ആന്റി ബയോട്ടിക്ക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാകുന്നു

ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ റിപ്പോര്‍ട്ട്. സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തല്‍സ്ഥിതി 2025 റിപ്പോര്‍ട്ടിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും ലോകോത്തര നിലവാരം പുലര്‍ത്തുന്നുവെന്നുമുള്ള വിലയിരുത്തല്‍. രോഗാണുക്കള്‍ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ആഗോള ഭീഷണി മുന്നില്‍ കണ്ട് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും രാജ്യമെമ്പാടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിയ സിഎസ്ഇ മേധാവി സുനിതാ നാരായണ്‍ അഭിപ്രായപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണെന്ന് മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകാത്ത അണുബാധകള്‍ കാരണം ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് ഇപ്പോള്‍ തന്നെ വര്‍ഷംതോറും മരണമടഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭീഷണി ഇനിയുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ്. എഎംആറിനെ പ്രതിരോധിക്കാന്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്നത്. നമ്മുടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ അണുബാധകളുമായി എത്തിച്ചേരുന്ന ആളുകള്‍ക്ക് എത്രതോതില്‍ ആന്റിബയോട്ടിക് അതിജീവന ഭീഷണിയുണ്ടെന്ന് നാം തുടര്‍ച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കുന്നു എന്നും മന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആന്റിബയോട്ടിക് സ്റ്റുവര്‍ഡ്ഷിപ്പ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റി മൈക്രോബിയല്‍ അതിജീവനം ഉയര്‍ത്താന്‍ സാധ്യതയുള്ള ആന്റിബയോട്ടിക്കുകള്‍ അങ്ങനെ അല്ലാത്ത ആന്റിബയോട്ടിക്കുകള്‍ പരാജയപ്പെടുന്ന ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യവും ആശുപത്രികളില്‍ ഉറപ്പാക്കുന്നുണ്ട്. കൂടാതെ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഏതാണ്ട് പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിച്ചുവെന്നും എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി . നിലവില്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുന്നത് ആന്റി മൈക്രോ റെസിസ്റ്റന്‍സ് എന്ന ആഗോള ഭീഷണിയെ അഭിമുഖീകരിക്കാന്‍ രാജ്യത്തെ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് സിഎസ്‌സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.