അർജന്റീനയെ കണ്ണീർ കടലിൽ താഴ്ത്തി വീണ്ടും ബ്രസീൽ…

2014 ലോകകപ്പില്‍ ജര്‍മനി കശക്കി എറിഞ്ഞ മണ്ണില്‍ അര്‍ജന്‍റീനയെ കീഴടക്കി ബ്രസീലിന്‍റെ കുതിപ്പ്. മിനെയ്റോയിലെ ബെലോ ഹൊറിസോന്റിയില്‍ അന്ന് മഞ്ഞക്കടല്‍ കണ്ണീര്‍ വാര്‍ത്തെങ്കില്‍ ഇന്ന് ആനന്ദകണ്ണീരാണ് പൊഴിഞ്ഞത്.

ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസൂസും റോബര്‍ട്ടോ ഫിര്‍മിനോയും വലചലിപ്പിച്ചു. കളിയുടെ തുടക്കത്തില്‍ ഒന്ന് പകച്ച് നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ചാണ് കാനറികള്‍ ആദ്യ ഗോള്‍ നേടിയത്.

അര്‍ജന്‍റീനയുടെ മധ്യനിരയും പ്രതിരോധ നിരയും ഒരുപോലെ കീഴടങ്ങിയ മുന്നേറ്റത്തിന്‍റെ സൂത്രധാരന്‍ ബ്രസീല്‍ നായകന്‍ ഡാനിയേല്‍ ആല്‍വസായിരുന്നു. മെസിയുടെ മുന്‍ സഹതാരത്തില്‍ നിന്ന് പന്ത് ലഭിച്ച റോബര്‍ട്ടോ ഫിര്‍മിനോ അത് ഗോള്‍ പോസ്റ്റിന് മുന്നില്‍ കാത്ത് നിന്ന ഗബ്രിയേല്‍ ജിസൂസിന് മറിച്ച് നല്‍കി.

കാല്‍പ്പാകത്തിന് വന്ന ക്രോസ് ഗോളിലേക്ക് മറിച്ച് വിടേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു ജിസൂസിനുണ്ടായിരുന്നുള്ളൂ. ഒരു ഗോള്‍ വഴങ്ങിയതോടെ അല്‍പം കൂടെ ഉണര്‍ന്ന് കളിക്കാന്‍ അര്‍ജന്‍റീനയ്ക്ക് സാധിച്ചു. എന്നാല്‍, ഒട്ടും ഒത്തിണക്കവും അനുഭവസമ്പത്തും ഇല്ലാത്ത അര്‍ജന്‍റീനിയന്‍ നിരയ്ക്ക് ബ്രസീല്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലാക്കാനായില്ല.

മെസിയുടെ ചില നീക്കങ്ങളും ഒരു ഫ്രീകിക്കും മാത്രമാണ് അര്‍ജന്‍റീനക്കാര്‍ക്ക് സന്തോഷിക്കാന്‍ ബാക്കിയായത്. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ നേരം കെെയില്‍ വയ്ക്കാന്‍ ബ്രസീലിന് സാധിച്ചെങ്കിലും ഗോള്‍ നേടിയതൊഴിച്ചാല്‍ കാര്യമായ മികച്ച നീക്കങ്ങള്‍ ഒന്നും മഞ്ഞപ്പടയുടെ ഭാഗത്തു നിന്നുമുണ്ടായില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ അര്‍ജന്‍റീന തിരിച്ച് വരുമെന്ന് കരുതിയെങ്കിലും അതും അസ്ഥാനത്തായി. ഏയ്ഞ്ചല്‍ ഡി മരിയയെയും ലാ സെല്‍സോയെയും ഇറക്കി അര്‍ജന്‍റീന പരിശീലകന്‍ ഒരു പരീക്ഷണം നടത്തിയെങ്കിലും ഗോള്‍ നേടാനുള്ള ഭാവനാശേഷി കെെവരിക്കാന്‍ അപ്പോഴും മെസിപ്പടയ്ക്ക് സാധിച്ചില്ല.

ഇതിനിടെ കളി പലപ്പോഴും പരുക്കനായി മാറി. റഫറി ബ്രസീലിനെ കൂടുതലായി പിന്തുണയ്ക്കുന്നു എന്ന ആരോപണം താരങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അര്‍ജന്‍റീന രണ്ടാം ഗോള്‍ വഴങ്ങിയത്. 71-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോയെ കുരുക്കി തുടങ്ങിയ കൗണ്ടറില്‍ ജിസൂസ് തന്‍റെ പ്രതിഭയില്‍ അര്‍ജന്‍റീന പ്രതിരോധത്തെ കീഴടക്കി പന്ത് ഫിര്‍മിനോയ്ക്ക് നല്‍കി.

തകര്‍ന്ന് കിടന്ന അര്‍ജന്‍റീന പ്രതിരോധത്തിന് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായില്ല. രണ്ട് ഗോള്‍ വഴങ്ങിയതോടെ അര്‍ജന്‍റീന പരാജയം ഉറപ്പിച്ചു. അവസാന നിമിഷം പൗളോ ഡിബാലയെ കളത്തിലിറക്കി നോക്കിയെങ്കിലും എല്ലാം അപ്പാഴേക്കും തീരുമാനിക്കപ്പെട്ടിരുന്നു. ഒരിക്കല്‍ കൂടി കണ്ണീരുമായി മെസിയും അര്‍ജന്‍റീനയും പുറത്തേക്ക്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബദ്ധവെെരികളെ തോല്‍പ്പിച്ച് ബ്രസീല്‍ കോപ്പ അമേരിക്കയുടെ കലാശ പോരാട്ടത്തിലേക്ക്…

LEAVE A REPLY