മുട്ടുവേദന ചെറുവ്യായാമത്തിലൂടെ മാറ്റാൻ കഴിയുമെന്ന് പഠനം. ദി ബിഎംജെ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുട്ടുവേദനയുള്ള 15,500 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് 217 ട്രയലുകൾ നടത്തിയതിൽ നിന്നാണ് വേദന കുറയ്ക്കാൻ ചെറുവ്യായാമങ്ങൾക്ക് കഴിയുമെന്ന് ഗവേഷകർ കണ്ടെത്തിയത്. നടത്തം, നീന്തൽ, സൈക്ലിങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങളാണ് ഏറ്റവും ഗുണകരമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് ശീലമാക്കിയവരിൽ 12 ആഴ്ചകൾക്കുള്ളിൽ വേദനയിൽ മാറ്റം കണ്ടെത്താനായെന്നും ഗവേഷകർ വ്യക്തമാക്കി. ചൈനയിലെ സെജാങ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ചെറുവ്യായാമങ്ങളിലൂടെ മുട്ടിന് ചുറ്റുമുള്ള പേശികൾ കരുത്താർജിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ ചലനങ്ങൾ ഉണ്ടാകുന്നതിലൂടെ സിനോവിയൽ എന്ന ഫ്‌ലൂയിഡ് ഉത്പാദിപ്പിക്കപ്പെടുകയും ഇത് വേദന കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ മുട്ടുവേദന ഉള്ളപ്പോഴുള്ള വ്യായാമം ശ്രദ്ധയോടെ വേണമെന്നും ഗവേഷകർ എടുത്തുപറയുന്നുണ്ട്. പത്തുപതിനഞ്ച് മിനിറ്റ് നടക്കുക, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ ചെയ്യുക എന്നിവയാണ് തുടക്കത്തിൽ ചെയ്യേണ്ടത്. വ്യായാമത്തിനിടയ്ക്ക് മിതമായ രീതിയിൽ അസ്വസ്ഥത അനുഭവപ്പെടുക സ്വാഭാവികമാണ്. എന്നാൽ വേദനയോ, നീരോ കൂടുന്നതായി കാണുകയാണെങ്കിൽ വിശ്രമിച്ച് സ്വാഭാവിക അവസ്ഥയിലേക്ക് എത്താനുള്ള സമയംകൊടുക്കണമെന്നും, വിട്ടുമാറാത്ത വേദന അനുഭവപ്പെട്ടാൽ സ്വയംചികിത്സയ്ക്ക് ശ്രമിക്കാതെ വിദഗ്ധ സഹായം തേടണമെന്നും പഠനത്തിൽ ഗവേഷകർ കൂട്ടിച്ചേർത്തു.






















