ഹൃദയാരോഗ്യം കാക്കുന്നതിന് പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ഇരട്ടി സമയം വ്യായാമം ചെയ്യേണ്ടതുണ്ടെന്ന് പഠനം. നേച്ചര്‍ കാര്‍ഡിയോവാസ്‌കുലര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ബാധകമാകുന്ന ഫിറ്റ്‌നസ് മാര്‍ഗനിര്‍ദേശങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ പഠനം. യുകെ ബയോബാങ്കില്‍ നിന്നുള്ള 80,000-ത്തിലധികം ആളുകളുടെ ഡാറ്റ ഗവേഷകര്‍ എട്ട് വര്‍ഷത്തോളം വിശകലനം ചെയ്താണ് പഠനം നടത്തിയത്. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്ത സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത 22% കുറഞ്ഞതായി പഠനത്തില്‍ വ്യക്തമാക്കി. ഇതേ ലക്ഷ്യം കൈവരിച്ച പുരുഷന്മാരില്‍ ഈ കുറവ് 17% മാത്രമായിരുന്നു. ആഴ്ചയില്‍ ഏകദേശം 250 മിനിറ്റ് വ്യായാമം ചെയ്ത സ്ത്രീകളില്‍ രോഗസാധ്യത 30% കുറഞ്ഞു. ഇതേ നേട്ടം കൈവരിക്കാന്‍ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ ഏകദേശം 530 മിനിറ്റ് വ്യായാമം ആവശ്യമായിരുന്നുവെന്ന് പഠനത്തിന് നേത്രത്വം നല്‍കിയ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഹൃദ്രോഗം സ്ഥിരീകരിച്ചവരുടെ കാര്യത്തില്‍, സമാനമായി വ്യായാമം ചെയ്യുന്ന പുരുഷന്മാരെ അപേക്ഷിച്ച്, വ്യായാമത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് തുടര്‍കാലയളവിലുള്ള മരണസാധ്യത മൂന്നിരട്ടി കുറവായിരുന്നു. മാര്‍ഗനിര്‍ദേശങ്ങളില്‍ പുരുഷനും സ്ത്രീക്കും വെവ്വേറെ വ്യായാമ ലക്ഷ്യങ്ങള്‍ ആവശ്യമായി വന്നേക്കാമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.






















