അമിതമായി മദ്യപിച്ചും പുകവലിച്ചും ജീവിതം ‘ആസ്വദിക്കുന്നവരാണോ’ നിങ്ങൾ. വളരെ ചെറുപ്പം മുതൽ തുടങ്ങുന്ന ഈ ശീലം, നാൽപത് വയസിനോട് അടുക്കുമ്പോൾ നിങ്ങളുടെ ശരീരത്തേയും മനസ്സിനേയും ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഫീനിഷ് നഗരമായ യവസ്കെലയിൽ 1959-ൽ ജനിച്ച നൂറുകണക്കിന് ആളുകളെ പഠിച്ചതിന് ശേഷമാണ് ഗവേഷകർ ഈ പഠനം പൂർത്തിയാക്കിയത്. കുട്ടിക്കാലം മുതൽ 60 വയസ്സുവരെയുള്ള ഇവരുടെ ജീവിതത്തെക്കുറിച്ച് ഗവേഷകർ മനസ്സിലാക്കി. പുകവലിക്കുകയും, അമിതമായി മദ്യപിക്കുകയും, അപൂർവ്വമായി മാത്രം വ്യായാമം ചെയ്യുകയും ചെയ്യുന്ന ആളുകൾക്ക് 36 വയസ്സാകുമ്പോഴേക്കും ആരോഗ്യം മോശമാകുന്നുവെന്നാണ് ഇതിൽ നിന്ന് ഗവേഷകർ കണ്ടെത്തിയത്. വിഷാദം, മാനസികാരോഗ്യം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഇവരുടെ ആരോഗ്യനില പരിശോധിച്ചത്. പഠനത്തിന്റെ ഭാഗമായവരിൽ പുകവലി, അമിതമായ മദ്യപാനം, വ്യായാമമില്ലായ്മ എന്നീ ശീലങ്ങളുണ്ടായിരുന്നവരുടെ ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നു. അപ്പോൾ ഇന്നുതന്നെ പുകവലിയും മദ്യപാനവും നിങ്ങളുടെ ജീവിത ശൈലിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക.






















