ശരീരം സ്വയം മദ്യം ഉൽപാദിക്കുന്ന അപൂർവ രോഗത്തിന് ചികിത്സ തേടി യുവതി.
കാനഡയിലെ ടൊറന്റോയിലെ മൗണ്ട് സൈനായ് ആശുപത്രിയിലും ടൊറന്റോ സർവ്വകലാശാലയിലുമുള്ള ഡോക്ടർമാർ 50 വയസ്സുള്ള ഒരു സ്ത്രീക്ക് അപൂർവമായ ഓട്ടോ-ബ്രൂവറി സിൻഡ്രോം എന്ന രോഗം സ്ഥിരീകരിച്ചു. ഈ രോഗം ശരീരത്തിൽ മദ്യം ഉത്പാദിപ്പിക്കുന്നതിനാൽ രോഗികൾക്ക് മദ്യം കഴിക്കാതെ തന്നെ മദ്യപാനത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടും. ശരീരത്തിലുള്ള കാർബോഹൈഡ്രേറ്റ്സ് പുളിക്കുകയും തുടർന്ന് എഥനോളിന്റെ അളവ് വർധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അപൂർവ്വ അവസ്ഥയാണിത്. ശരീരത്തിൽ എഥനോളിന്റെ അളവ് ഉയരുമ്പോൾ സ്വാഭാവികമായും മദ്യപരുടെ ശരീരാവസ്ഥയായിരിക്കും ഈ രോഗമുള്ളവരിലും കാണപ്പെടുക. വയറ്റിലുള്ള കാർബോഹൈഡ്രൈറ്റിനെ ആൽക്കഹോൾ ആക്കാൻ കഴിവുള്ള ഒരു തരം ഫംഗസിന്റെ വളർച്ചയാണ് രോഗത്തിലേക്ക് നയിക്കുന്നത്. ഓട്ടോ-ബ്രൂവറി സിൻഡ്രോം വളരെ അപൂർവമായി കണ്ടുവരുന്ന രോഗാവസ്ഥയാണ്.



















