രാജഗിരി എന്‍.ബി.ക്യു: കൊച്ചിന്‍ യൂണിവേഴ്സിറ്റിയും ടി.സി.എസ്സും ജേതാക്കള്‍

കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 13-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് രാജഗിരി വാലി ക്യാമ്പസില്‍ നടന്നു. പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ മേല്‍നോട്ടം വഹിച്ച മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോര്‍പ്പറേറ്റ്, സ്റ്റുഡന്റ് വിഭാഗങ്ങളില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈനായും 1210 ടീമുകള്‍ പങ്കെടുത്തു. ഗൂഗിള്‍ ക്ലൗഡ് സി.റ്റി.ഒ മിതേഷ് അഗര്‍വാള്‍ ക്വിസ്സ് മാസ്റ്ററായ മത്സരത്തില്‍ സ്റ്റുഡന്റ്സ് വിഭാഗത്തില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഷുഭം ജാ- ഗൗതം ആനന്ദ് എന്നിവരുടെ ടീമും, കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ടി.സി.എസ്സിലെ ജയകാന്തന്‍ ആര്‍, അനിരുദ്ധ ദത്ത എന്നിവരും ജേതാക്കളായി. സ്റ്റുഡന്റ് വിഭാഗത്തില്‍ ഐ.ഐ.റ്റി കാണ്‍പൂരില്‍നിന്നുള്ള പ്രധുന്ന ചൗധരി, അഷുതോഷ് മുഡുലി, കര്‍ണാടക പി.ഇ.എസ് സര്‍വ്വകലാശാലയിലെ ഭാനു സുതാ എം, ദ്രുവ ജി എന്നിവര്‍ ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ പ്രീതം ഉപാധയ, റോഹന്‍ ഖന്ന (ബാര്‍ക്ലേയ്സ്) എന്നിവരും റാബി ശങ്കര്‍ സാഹ, സേതു മാധവന്‍ (കാപ്ജെമിനി) എന്നിവരുമടങ്ങിയ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ സി.എം.ഐ അധ്യക്ഷനായ ചടങ്ങില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സി.ഇ.ഒയും ഡയറക്ടറുമായ ചെറിയാന്‍ എം. ജോര്‍ജ്ജ് മുഖ്യാതിഥിയായി. ആര്‍.സി.എസ്.എസ് പ്രിന്‍സിപ്പാള്‍ ഡോ. ബിനോയ് ജോസഫ്, ആര്‍.ബി.എസ് ഡയറക്ടര്‍ ഡോ. സുനില്‍ പുലിയക്കോട്ട്, സ്റ്റുഡന്റ് കോഓര്‍ഡിനേറ്ററായ അനു പോള്‍, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍ പ്രൊഫ. അരുണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

LEAVE A REPLY