സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയുമാണ് മരണപ്പെട്ടത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 28 ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കിണറ്റില്‍നിന്നുള്ള വെള്ളത്തില്‍ നിന്നാണ് കുഞ്ഞിന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സാമ്പിള്‍ പരിശോധിച്ചപ്പോള്‍ അമീബയുടെ സാന്നിധ്യം കിണറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല എന്ന 52കാരിയും ഒന്നരമാസമായി ചികിത്സയിലായിരുന്നു . രോഗലക്ഷണത്തെ തുടര്‍ന്ന് ജൂലായ് ഏഴിനാണ് ചികിത്സ തുടങ്ങിയത്. തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയ ഇവര്‍ സ്ഥിതി വഷളായതോടെ ഓഗസ്റ്റ് നാലിനാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യനിലയില്‍ പുരോഗതി വന്നതിനെത്തുടര്‍ന്ന് വാര്‍ഡിലേക്കു മാറ്റിയിരുന്നു. വീണ്ടും ജ്വരവും ഛര്‍ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്നലെ പുലര്‍ച്ചെ മരിക്കുകയുമായിരുന്നു.






















