അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി രോഗമുക്തി നേടി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി രോഗമുക്തി നേടി. വയനാട് തരുവണ സ്വദേശിയായ മുപ്പതുകാരനാണ് തിങ്കളാഴ്ച ആശുപത്രി വിട്ടത്. 29 ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു ഇയാൾ. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് അവിടെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണു രോഗം പിടിപെട്ടത്. മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കാസർകോട് സ്വദേശിയായ മറ്റൊരാളും കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. നിലവിൽ, മൂന്നു കുട്ടികൾ ഉൾപ്പെടെ 7 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ചികിത്സയിലുള്ളത്.