2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷന്‍ 2031- ആരോഗ്യ സെമിനാറില്‍ ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ഈ പദ്ധതി വഴി 42.2 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനായി ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നുണ്ട്. ആയുഷ് വകുപ്പിന് കീഴില്‍ 10,000 യോഗ ക്ലബ്ബുകള്‍ ആവിഷ്‌ക്കരിച്ചു. സ്‌കൂള്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കും. മാനസികാരോഗ്യം ഉറപ്പാക്കാനായി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ചു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കി. കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ജനകീയ ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ചു. ഇതുവരെ 20 ലക്ഷത്തിലധികം പേരെ സ്‌ക്രീനിംഗ് നടത്തി. അത്യാധുനിക കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.






















