ബിയര്‍ കുടിയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ?

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍. കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്നും, ബിയറിന്റെ ഉപയോഗം ഇതിന് ഒരു കാരണമാകും എന്നുമാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ ബിയര്‍ ഉപയോഗത്തില്‍ വന്‍ വര്‍ധന ഉണ്ടായി. മദ്യപിച്ചിരുന്ന പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിച്ചു. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി കുറയ്ക്കുന്നത് പ്രമേഹം നേരത്തെ വരുത്താന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ബിയറിന്റെ അമിത ഉപയോഗവും മദ്യപാനവും മൂലം പാന്‍ക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും കാരണമാകും. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് ബിയറിന്റെ കാലറി അളവ് വളരെ കൂടുതലാണ്. ഈ ഉയര്‍ന്ന ഊര്‍ജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.