കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് വൃത്തി ഇല്ലായ്മയുടെ സൂചനയായി കണക്കാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പാശ്ചാത്ത്യ രീതികള്‍ പിന്തുടരുന്ന ആളുകള്‍, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവരെ അവജ്ഞയോടെ നോക്കിക്കാണുന്നു എന്നതാണ് ഈ ചിന്തകളില്‍ പ്രധാനം. എന്നാല്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിലെ ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മയാണ് ഈ തെറ്റിദ്ധാരണകള്‍ക്ക് കാരണമെന്ന് വ്യക്തമാക്കുകയാണ് വിദഗ്ധര്‍. ഭക്ഷണം കഴിക്കുന്നതിനായി കൈ ഉപയോഗിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ പ്രക്രീയ ഒരു വ്യായാമം കൂടിയാണ്. മാത്രമല്ല, ഭക്ഷണവുമായി കഴിക്കുന്ന ആളെ നേരിട്ട് ബന്ധിപ്പിക്കാന്‍ ഈ രീതി സഹായിക്കുന്നു. ഭക്ഷണത്തിന്റെ താപനില നേരിട്ട് മനസ്സിലാക്കുന്നതിനും കൈ ഉപയോഗിച്ചുള്ള ഭക്ഷണ രീതി സഹായിക്കും. ഇത് ഭക്ഷണം കഴിക്കുമ്പോഴുള്ള അനാവശ്യ ബുദ്ധിമുട്ടുകളെ ഒഴിവാക്കുന്നു. ഭക്ഷണത്തിനായി കൈ വിരലുകള്‍ വായ് ഭാഗത്തേയ്ക്ക് എത്തിക്കുകവഴി ഒരു യോഗ മുദ്രകൂടിയാണ് ചെയ്യുന്നതെന്നും അവകാശപ്പെടുന്നവരുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കല്‍, ഭക്ഷണത്തിന്റെ മണം ശരീരത്ത് തുടരാന്‍ അനുവദിക്കാതെ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.



















