തലച്ചോറിന് പ്രായപൂർത്തി ആകുന്നതെപ്പോൾ

പതിനെട്ടാം വയസ്സിലാണ് നമ്മൾ നിയമപരമായി മുതിർന്നവരാവുക എന്നാണ് പൊതുവേ പറയുന്നത്. എന്നാൽ തല​ച്ചോറിന് പക്വത എത്തണമെങ്കിൽ പിന്നെയും വർഷങ്ങൾ കാത്തിരിക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. 32 വയസായിട്ടു മാത്രമേ നമ്മുടെ തലച്ചോറ് പൂർണമായും മുതിർന്നയാളുടേതാകുന്നുള്ളൂ എന്നാണ് കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പുതിയ ബ്രെയിൻ മാപ്പിങ്ങിലൂടെ തെളിയുന്നത്. നേച്ചർ കമ്യുണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. തലച്ചോറിന്റെ വികാസത്തെ അഞ്ചു ഘട്ടങ്ങളായി തരം തിരിച്ചാണ് പഠനം നടത്തിയത്. ജനനം മുതൽ 9 വയസ്സുവരെയുള്ള കാലത്ത് തലച്ചോറ് വളരെ വേഗം വികാസം പ്രാപിക്കുന്നു. എന്നാൽ ഉപയോഗമില്ലാത്ത മേഖലകളിലെ വികാസം പിന്നീട് കുറയുന്നു. 9 മുതൽ 32 വയസ്സുവരെയുള്ള കാലമാണ് രണ്ടാം ഘട്ടം. ഇക്കാലയളവിലാണ് തലച്ചോറി​ന്റെ ഏറ്റവും വലിയ വികാസം നടക്കുന്നത്. വളരെവേഗം അതിശക്തമായ നിലയിൽ വികാസം പ്രാപിക്കുന്നു. എന്നാൽ തലച്ചോറിന്റെ പൂർണമായ വികാസം നടക്കുന്നത് 18 വയസ്സിലല്ല, മറിച്ച് 32 വയസ്സിലാണ്. എന്നാൽ തലച്ചോറിനെ രോഗങ്ങൾ ബാധിക്കാനും മാനസികനിലയിൽ തകരാറ് വരാനുമൊക്കെയുള്ള സാഹചര്യം ഇക്കാലയളവിൽ കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 32 മുതൽ 66 വയസ്സുവരെയുള്ള കാലഘട്ടമാണ് ഏറ്റവും നീണ്ട കാലഘട്ടം. ഇത് മൂന്ന് ദശാബ്ദം നീണ്ടു നിൽക്കുന്നു. ബുദ്ധിയുടെയും വ്യക്തിത്വത്തി​​ന്റെയും കാലയളവാണിത്. ഇക്കാലയളവിലെ വ്യതിയാനങ്ങൾ വളരെ പതുക്കെയായിരിക്കും.