എച്ച്.ഐ.വി പോസിറ്റീവായ അനുജനെ കൊലപ്പെടുത്തി സഹോദരിയും സഹോദരി ഭർത്താവും. വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ മല്ലികാർജുൻ എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ യുവാവിന് എച്ച്‌ഐവി സ്ഥിരീകരിച്ചു. അടിയന്തിര ശസ്ത്രക്രീയയ്ക്കായി യുവാവിനെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാൻ അധികൃതർ നിർദ്ദേശം നൽകി. യുവാവുമായി ആശുപത്രിയിലേയ്ക്ക് തിരിച്ച സഹോദരിയും ഭർത്താവും വീട്ടിൽ മടങ്ങി എത്തിയത് ഇയാളുടെ മൃതദേഹവുമായാണ്. മരിച്ച യുവാവിന്റെ കഴുത്തിലെ പാടുകൾക്ക് പിന്നിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. സംഭവത്തിന് പിന്നാലെ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള സഹോദരി ഭർത്താവിനായി പോലീസ് അന്വേഷണം ശക്തമാക്കി. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി ചെയ്‌ത കൊലപാതകമാണെന്ന് പോലീസ് വെക്തമാക്കി.






















