പോലീസ് ബൈക്ക് തടഞ്ഞു; താഴെവീണ മൂന്നുവയസ്സുകാരി ലോറി കയറി മരിച്ചു

പോലീസ് ബൈക്ക് തടഞ്ഞതിന് പിന്നാലെ താഴെവീണ മൂന്നുവയസ്സുകാരി ലോറി കയറി മരിച്ചു. നായയുടെ കടിയേറ്റ കുഞ്ഞുമായി ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെ അമ്മയെയും ഭര്‍തൃസഹോദരനെയുമാണ് ഹെല്‍മെറ്റ് വയ്ക്കാത്തതിന് പോലീസ് തടഞ്ഞത്. പിന്നാലെ പോലീസ് ബൈക്കില്‍ പിടിച്ച് ഉലച്ചതായും, ഇതിന്റെ ശക്തിയില്‍ കുട്ടി വാഹനത്തില്‍നിന്ന് റോഡില്‍ വീഴുകയും, ലോറി ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു എന്നും രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ ആരോപണം പോലീസ് തള്ളി. പരിശോധനയ്ക്ക് ശേഷം ഇവരെ വിട്ടയച്ചതായും, പിന്നാലെ അമിത വേഗത്തിലെത്തിയ ലോറി ബൈക്കിന് അരികിലൂടെ കടന്നുപോയപ്പോള്‍ കുട്ടി താഴെവീണ് അപകടം സംഭവിച്ചതായുമാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ അന്വേഷണ വിധേയമായി മൂന്ന് എ.എസ്.ഐമാരെ സസ്‌പെന്‍ഡ് ചെയ്തതായി മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാര്‍ജ്ജുന്‍ പറഞ്ഞു.