ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് കോടതിയലക്ഷ്യം, പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ പരാതിയുണ്ടെങ്കില്‍ കേസെടുക്കാന്‍ പോലീസിന് എന്ത് അധികാരം? പരാതി നല്‍കേണ്ടത് ഗ്രീവറന്‍സ് കൗണ്‍സില്‍ മുമ്പാകെ

തിരുവനന്തപുരം: മറുനാടന്‍ മലയാളി എന്ന രജിസ്‌റ്റേര്‍ഡ് ഡിജിറ്റല്‍ മീഡിയ സ്ഥാപനം യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയുടെ പശ്ചാത്തലത്തില്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ സൈബര്‍ പോലീസ് കേസെടുത്തത് നിയമത്തിന്റെ പിന്‍ബലമില്ലാതെ. ഓണ്‍ലൈന്‍ ബാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളെ നിയന്ത്രിക്കുന്നതിനും നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ റഗുലേഷന് കീഴില്‍ കൊണ്ടുവരുന്നതിനുമുള്ള നിയമ സംവിധാനത്തിന് അകത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിന് എതിരെ, നിയമത്തിന്റെ യാതൊരു പിന്‍ബലവും ഇല്ലാതെ നടത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധം ഉയരുകയാണ്.

യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ്, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ സൈബര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് കേസെടുത്തത്. മുന്‍നിര മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതും ജനങ്ങളെ നേരിട്ട് ബാധിക്കുന്നതുമായ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് മുന്‍നിര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇന്ന് സജീവമായി നിലനില്‍ക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ വ്യാജ വാര്‍ത്താ പ്രവണത ഒഴിവാക്കുന്നതിനും, പരാതിക്കാര്‍ക്ക് നിയമ പരിരക്ഷ ഒരുക്കുന്നതിനും ഇന്ന് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വാര്‍ത്താ വിതരണ മന്ത്രാലയം പ്രത്യേക ചട്ടക്കൂടുകള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. ഈ ചട്ടക്കൂടിന് ഉള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു രജിസ്‌റ്റേര്‍ഡ് മാധ്യമ സ്ഥാപനത്തിന് എതിരായ നിയമ നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പോലീസ് ഇടപെട്ടത് എന്നത് രാജ്യത്തെ നിയമങ്ങളെ നോക്കുകുത്തി ആക്കുന്ന പ്രവണതയാണ്.

നിയമ വിരുദ്ധ നടപടി സ്വീകരിച്ച സി.ഐയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് മറുനാടന്‍ മലയാളി അംഗമായിട്ടുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ രജിസ്‌റ്റേര്‍ഡ് ബോഡിയായ കോം ഇന്ത്യ (കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ) ഭാരവാഹികള്‍ പരാതി നല്‍കി.

ഷാജന്‍ സ്‌കറിയോടുള്ള വ്യക്തിപരമായ വൈരാഗ്യവും ചില സാമ്പത്തിക – രാഷ്ട്രീയ ശക്തികളുടെ പ്രേരണയും രാത്രിയില്‍ നടന്ന ഈ അറസ്റ്റിന് പിന്നിലുണ്ടെന്നാണ് കോം ഇന്ത്യ പരാതിയില്‍ പറയുന്നത്. അതു കൊണ്ടു തന്നെ സിഐയുടെ മൊബൈല്‍ ഫോണ്‍ – വാട്‌സ് ആപ്പ് സന്ദേശങ്ങന്‍ സഹിതം കസ്റ്റഡിയിലെടുത്ത് വിജിലന്‍സ് പരിശോധിക്കണമെന്നാണ് ആവശ്യം.

ഒരു രജിസ്‌റ്റേര്‍ഡ് ഓണ്‍ലൈന്‍ മാധ്യമത്തിന് എതിരായ അപകീര്‍ത്തി കേസില്‍ പരാതിയുമായി മുന്നോട്ടുപോകേണ്ട രീതി ഇത് അല്ലെങ്കില്‍ പോലും, ഒരു നോട്ടീസ് നല്‍കി വിളിച്ചു വരുത്താമായിരുന്ന മാധ്യമ പ്രവര്‍ത്തകനെ അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ ബലമായി പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയതിന് പിന്നില്‍ പ്രതൃക്ഷത്തില്‍ തന്നെ പ്രത്യേക താല്‍പ്പര്യം വ്യക്തമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഷാജന്‍ സ്‌കറിയയും അദ്ദേഹത്തിന്റെ മാധ്യമ സ്ഥാപനമായ മറുനാടന്‍ മലയാളിയും കേന്ദ്ര വാര്‍ത്താ മന്ത്രാലയം അംഗീകരിച്ച കോണ്‍ഫിഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (ഇന്ത്യ)യുടെ അംഗമാണ്. ഈ സംഘടനയില്‍ അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത് കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് അദ്ധ്യക്ഷനായ, കേന്ദ്ര വാര്‍ത്താ മന്ത്രാലയം അംഗീകരിച്ച ഉന്നതസമിതിക്ക് മുന്‍പാകെയാണ്. അവിടെയും പരിഗണിക്കപ്പെട്ടില്ലങ്കില്‍ പരാതിക്കാര്‍ക്ക് നേരിട്ട് വാര്‍ത്താ മന്ത്രാലയത്തെ തന്നെ സമീപിക്കാവുന്ന സാഹചര്യവുമുണ്ട്. അതാണ് കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ നിയമത്തില്‍ പറയുന്നത്.

എന്നാല്‍, ഷാജന്‍ സ്‌കറിയക്ക് എതിരെ പരാതി നല്‍കിയ യുവതി ഈ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ സ്വീകരിക്കാതെയാണ് പരാതിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ഇതും , ഷാജന്‍ സ്‌കറിയയെ കുടുക്കാനുള്ള ഗൂന്ധാലോചനയുടെ ഭാഗമാണെന്നാണ് കോം ഇന്ത്യ സംശയിക്കുന്നത്. ഇതു പോലുള്ള പകപോക്കല്‍ രീതി പൊലീസ് പിന്തുടരുന്നത് മാധ്യമ പ്രവര്‍ത്തകര്‍കരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും ജനറല്‍ സെക്രട്ടറി കെ കെ ശ്രീജിത്തും വ്യക്തമാക്കി.

2025 മാര്‍ച്ച് അവസാനവാരം ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ , ഇഷ്ടപ്പെടാത്ത അഭിപ്രായമാണെങ്കിലും പറയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവിട്ടിട്ടുള്ളതാണ്. സമൂഹമാധ്യമത്തില്‍ ഉറുദു കവിത പോസ്റ്റ് ചെയ്തിന് രാജ്യസഭാ എംപിയായ ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ എടുത്ത കേസ് റദ്ദാക്കി കൊണ്ടാണ് ഇത്തരമൊരു സുപ്രധാന നിര്‍ദ്ദേശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിച്ചേ മതിയാകൂവെന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്.

മാത്രമല്ല, ഷാജന്‍ സ്‌കറിയക്ക് എതിരെ, വാര്‍ത്തകളുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കണമെങ്കിലും പത്ത് ദിവസം മുന്‍പ് തന്നെ നോട്ടീസ് നല്‍കണമെന്ന ഉത്തരവ് ബഹുമാനപ്പെട്ട ഹൈക്കോടതിയും നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊന്നും തന്നെ സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ പാലിച്ചിട്ടില്ലന്നും കോം ഇന്ത്യ നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി സൈബര്‍ സെല്‍ സി.ഐയ്ക്ക് എതിരെയും നിയമ വിരുദ്ധ നീക്കങ്ങള്‍ക്ക് സി.ഐയെ പ്രേരിപ്പിച്ചവര്‍ക്ക് എതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ തീരുമാനിച്ചിരിക്കുന്നത്.