വയനാട് മണ്ണിടിച്ചിലില്‍ രണ്ട് മരണമെന്ന് സൂചന: മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

കനത്ത മഴയില്‍ വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ രണ്ടുപേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന. എന്നാല്‍ ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് ആറുപേരാണ്. ഇവരില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

തുരങ്ക പാതയുടെ പദ്ധതി പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുപ്പതോളംപേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുരങ്ക പാതയ്ക്കായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നിട്ടുണ്ട്. കനത്ത മഴ മൂലം തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ നിര്‍ത്തിവെച്ചിരുന്നു.