സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കാലവർഷം ദുർബലമായതിനെ തുടർന്ന് വരുന്ന ഒരാഴ്ചക്കാലം തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. നാളെയും ഇതേ ജില്ലകളിൽ യെലോ അലർട്ട് തുടരും. അറബിക്കടലിൽ കാറ്റിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് ഇന്നലെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം അനുവദിച്ചെങ്കിലും ഇന്നു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കർണാടക തീരത്തും നിയന്ത്രണമുണ്ട്. കാറ്റിന്റെ വേഗം ഇന്നു മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തി പ്രാപിച്ചേക്കാം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്ന് നിർദേശമുണ്ട്.