യാത്രയ്‌ക്കിടെ ട്രെയിനിൽ പ്രസവിച്ച് ഒഡീഷ സ്വദേശിനി. ടാറ്റാനഗർ – എറണാകുളം എക്സ്പ്രസിൽ ഭർത്താവിനൊപ്പം കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു സംഭവം. ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ ലഭിച്ച യുവതിയും കുഞ്ഞും സുരക്ഷിതരാണ് എന്നാണ് റിപ്പോർട്ട് . തിങ്കളാഴ്ച പുലർച്ചെ 4.10നാണ് ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിനിൽനിന്നു പൊക്കിൾക്കൊടി വിടാതെ താങ്ങിപ്പിടിച്ച പെൺകുഞ്ഞുമായാണ് ഒഡീഷ ബലിഗുഡ സ്വദേശി രചന റാണ ട്രെയിനിൽനിന്നിറങ്ങിയത്. ഉടൻ തന്നെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കിടത്തിയ ശേഷം ജില്ലാ ആശുപത്രിയിൽ വിവരമറിയിച്ചു. തുടർന്ന് അവിടെ നിന്നെത്തിയ നഴ്‌സുമാർ കുട്ടിയുടെ പൊക്കിൾക്കൊടി മുറിച്ച് പ്രാഥമിക ശുശൂഷ നൽകി. ഇരുവരെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതയാണ് റിപ്പോർട്ട്.





















