നിറവയറുമായി കോടതിയിലെത്തി ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയ പോലീസ് ഉദ്യോഗസ്ഥ പ്രസവിച്ചു. തൃശൂർ ഒല്ലൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീലക്ഷ്മിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ഫർഷാദ് അക്രമണത്തിന് ഇരയായ സംഭവത്തിലാണ് മൊഴി നൽകാനായി ശ്രീലക്ഷ്മി കോടതിയിൽ എത്തിയത്. ഈ കേസിൽ മൊഴി നൽകിയശേഷം പ്രസവാവധി എടുക്കാനായിരുന്നു ശ്രീലക്ഷ്മിയുടെ തീരുമാനം. സഹപ്രവർത്തകർക്ക് ഒപ്പം കോടതിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ബ്ലീഡിങ് ഉണ്ടാവുകയും ഉടൻതന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കൃത്യനിർവ്വഹണത്തോടുള്ള പോലീസ് ഉദ്യോഗസ്ഥയുടെ ആത്മാർത്ഥതയെ സിറ്റി പോലീസ് കമ്മീഷ്ണർ ഇളങ്കോ ആർ ഐപിഎസ് അഭിനന്ദിച്ചു.





















