ചോക്ക് കഴിക്കാന്‍ തോന്നാറുണ്ടോ? എന്താണ് ‘പൈക്ക’?

ചിലര്‍ ചോക്ക് കഴിക്കുന്നതിനുള്ള ആസക്തി പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ലേ. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? ചോക്ക് കഴിക്കാന്‍ തോന്നുന്നതിന് പ്രധാനമായി നിരവധി കാരണങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണം ‘പൈക്ക’ എന്ന അവസ്ഥയാണ്. ഭക്ഷണയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കാന്‍ തോന്നുന്ന ഒരുതരം അവസ്ഥയാണിത്. ചോക്ക്, മണ്ണ്, പേപ്പര്‍, ഐസ്, കളിമണ്ണ്, മുടി, ചാരം തുടങ്ങിയ വസ്തുക്കളോടുള്ള അമിതമായ ആസക്തി ഇതില്‍ ഉള്‍പ്പെടുന്നു. ചോക്ക് കഴിക്കാനുള്ള ഈ ആസക്തിയെ കാല്‍ക്കോഫാഗിയ എന്നും പറയാറുണ്ട്. ചോക്ക് കഴിക്കുന്നതിനുള്ള കാരണം ശരീരത്തില്‍ ചില പോഷകങ്ങള്‍, പ്രത്യേകിച്ച് ഇരുമ്പ്, കാല്‍സ്യം, അല്ലെങ്കില്‍ സിങ്ക് എന്നിവയുടെ കുറവ് മൂലമാണ്. കടുത്ത മാനസിക സമ്മര്‍ദം എന്നിവയുള്ളവര്‍ക്ക് ചോക്ക് കഴിക്കാനുള്ള പ്രവണത കണ്ടേക്കാം. കുട്ടികളിലും ഈ പ്രവണത കണ്ടുവരാറുണ്ട്. കടലാസ്, മണ്ണ്, പെന്‍സില്‍ തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കളും കുട്ടി കഴിക്കുന്നുണ്ടെങ്കില്‍ അത് പൈക്കയുടെ പ്രാരംഭ ലക്ഷണമായിരിക്കാം. വളരെ അപൂര്‍വമായി, വലിയ അളവില്‍ ചോക്ക് കഴിക്കുന്നത് കുടലില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ചോക്കിന്റെ പരുപരുത്ത ഘടന കാരണം പല്ലുകളുടെ ഇനാമലിന് തേയ്മാനം സംഭവിക്കുകയും പല്ലുകള്‍ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും. കൃത്യസമയത് ശരിയായ രോഗനിര്‍ണയവും ചികിത്സയും ഈ അവസ്ഥയ്ക്ക് പ്രധാനമാണ്.