കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളിൽ വില്ലൻ സ്മാർട് ഫോണുകൾ

കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളെ സ്മാർട് ഫോണുകളുടെ ഉപയോഗം ദോഷകരമായി ബാധിക്കുമെന്ന് പഠനം. ബി.​എം.ജെ പീഡി​യാട്രിക് ഓപണിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന നിഷ്‍കർഷിച്ചിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം രണ്ടു മുതൽ അഞ്ചുവയസു വരെയുള്ള കുട്ടികൾ മൊബൈൽ സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലെ 3624 മാതാപിതാക്കളാണ് പഠനത്തിന്റെ ഭാഗമായുള്ള സർവേയിൽ പ​​ങ്കെടുത്തത്. വിശ്രമിക്കാനോ വീട്ടുജോലികൾ ചെയ്യാനോ ചിലപ്പോൾ വാശി പിടിച്ചു കരയുമ്പോൾ സമാധാനിപ്പിക്കാനോ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുത്ത് ശീലമാക്കുന്നത് മാതാപിതാക്കൾ തന്നെയാണ്. മൊബൈൽ ഫോണിന് അടിമകളാകുന്ന കുഞ്ഞുങ്ങളിൽ കളികളും വീട്ടിലെ മറ്റ് അംഗങ്ങളുമായുള്ള സംസാരവും ശാരീരിക ചലനവും കുറയുമെന്നു വിദക്തർ പറയുന്നു. ഇത് അവരുടെ മസ്തിഷ്‍ക വളർച്ചയെ ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. തെസ്പൂർ യൂനിവേഴ്സിറ്റി പിഎച്ച്.ഡി ഗവേഷകനും സ്പീച്ച് ആൻഡ് ഹിയറിങ് സ്​പെഷ്യലിസ്റ്റുമായ പ്രിയങ്ക് ഭൂട്ടാണിയുമാണ് പഠനത്തിന് നേതൃത്വം നൽകിയത്, ദിവസവും എട്ടുമണിക്കൂർ വരെ സമയം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ത്യയിൽ 13ശതമാനമായി ഉയർന്നതായും വിദക്തർ സൂചിപ്പിക്കുന്നു.