യുവാവിന് സ്ഥിരമായി ലിംഗോദ്ധാരണം

ജനനേന്ദ്രിയത്തിൽ ടാറ്റൂ ചെയ്ത 21 കാരനായ യുവാവിന് മൂന്നു മാസത്തോളം സ്ഥിരമായി ലിംഗോദ്ധാരണം ഉണ്ടായതായി റിപ്പോർട്ട്. പുരുഷലിംഗത്തെ ബാധിക്കുന്ന അപൂർവ്വ രോഗാവസ്ഥയായ പ്രിയാപിസമാണ് യുവാവിൽ ഉദ്ധാരണത്തിന് കാരണമായത്. ലൈംഗികോത്തേജനമില്ലാതെ, ദീർഘനേരത്തേക്ക് ലിംഗോദ്ധാരണമുണ്ടാകുന്ന അപൂർവ അവസ്ഥയാണിത്. ഹാൻഡ് ഹെൽഡ് സൂചി ഉപയോഗിച്ചുള്ള പരമ്പരാഗത ടാറ്റൂ രീതിയിലാണ് യുവാവ്ജനനേന്ദ്രിയത്തിൽ ടാറ്റൂ ചെയ്തത്. ലിംഗത്തിലേക്കുള്ള രക്തയോട്ടം പരിശോധിച്ചപ്പോൾ ടാറ്റൂ ചെയ്ത ഭാഗത്ത് സ്യൂഡോഅനൂറിസം കണ്ടെത്തി. ധമനിയുടെ ഭിത്തിയിലുണ്ടാകുന്ന ക്ഷതം മൂലം രക്തം ധമനിയുടെ പുറത്തേക്ക് ഒഴുകുകയും ചുറ്റുമുള്ള കോശങ്ങളിൽ കട്ടപിടിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. തുടർന്നുള്ള പരിശോധനയിൽ യുവാവിന് പ്രിയാപിസത്തിൻറെ വിഭാഗങ്ങളിൽ ഒന്നായ ‘നോൺ-ഇസ്കെമിക് പ്രിയാപിസം’ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലിംഗത്തിലേക്ക് രക്തം അമിതമായി പ്രവഹിക്കുന്നതാണ് ഇതിനു കാരണം. ഇറാൻ പൗരനായ യുവാവ് ഇതിനുമുൻപും ജനനേന്ദ്രിയത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ടെന്നാണ് ലൈവ് സയൻസിൻറെ റിപ്പോർട്ടിൽ പറയുന്നത്.