വിവാഹശേഷം പുരുഷന്മാരില്‍ അമിതവണ്ണത്തിനുള്ള സാധ്യത

ഭര്‍ത്താക്കന്മാര്‍ പൊണ്ണത്തടിയന്മാര്‍ ആയേക്കും, സാധ്യത മൂന്ന് മടങ്ങെന്ന് പഠനം. വിവാഹശേഷം പുരുഷന്മാരില്‍ അമിതവണ്ണത്തിനുള്ള സാധ്യത 62 ശതമാനവും സ്ത്രീകളില്‍ 39 ശതമാനവുമാണെന്ന് പോളണ്ട് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. വിവാഹത്തിന് ശേഷം വണ്ണം വെച്ചതായുള്ള പരാതികളും പരിഭവങ്ങളും സ്ഥിരമായി കേള്‍ക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഭാര്യയുടെ പരിചരണവും വിവാഹശേഷം ഭക്ഷണത്തിനോടുള്ള അമിതമായ താല്‍പര്യവുമാണ് പലരും കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത് മലയാളികളുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് ഒരു ആഗോള പ്രശ്‌നമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം. മെയ് മാസത്തില്‍ സ്‌പെയ്‌നില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബേസിറ്റിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ പഠന റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് സൂചന. വിവാഹശേഷം ജീവിത ശൈലിയില്‍ അടക്കം ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. 1990 മുതല്‍ ആഗോള തലത്തില്‍ പൊണ്ണത്തടി ഇരട്ടിയില്‍ അധികം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2050 ആകുന്നതോടെ ലോകത്തില്‍ മുതിര്‍ന്നവരില്‍ പകുതിയും, കുട്ടികളില്‍ മൂന്നിലൊന്നുപേരും അമിത ഭാരത്തിന് അടിമകളാകാമെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.